|
|
സപ്ലിമെന്റ് |
| സ്‌നേഹകാന്തം |
|
കൊല്‍ക്കത്തയിലെ കാളിഘട്ടിലെ മദറിന്റെ ആശ്രമം. കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍നിന്ന് ?എന്റെ മോനേ, എന്റെ മോളേ എന്നു വിളിച്ചു മദര്‍ വാരിയെടുത്തുകൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ പുന്നാരിക്കുന്നത് ആരാണെന്നു നോക്കൂ. അഗതികളുടെയും അനാഥരുടെയും മുറിവുകളില്‍ മരുന്നു വച്ചുകെട്ടുകയും ശയ്യാവലംബികള്‍ക്കു ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുന്ന സന്നദ്ധസേവകരില്‍ ചിലരെ തിരച്ചറിഞ്ഞാല്‍?അമ്പരക്കും. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുടെ പൊതു ശത്രുക്കളായ നക്‌സലൈറ്റുകളാണ് ഇവര്‍; ക്രൂരതയുടെ മനുഷ്യരൂപങ്ങള്‍ കുഞ്ഞാടുകളെപ്പോലെ ഇവിടെ വിനീതരാകുന്നു.
രാജ്യത്ത് ഗര്‍ഭച്‌ഛിദ്രം നിയമവിധേയമാക്കിയ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. മദര്‍ തെരേസയാകട്ടെ, ഇതിനെതിരെ സര്‍വശക്‌തിയുമെടുത്തു പോരാടുകയും പ്രചാരണം നടത്തുകയും ചെയ്‌ത പോരാളി. ഗര്‍ഭത്തിലെ തുടിപ്പിനും ജീവിക്കാനുള്ള അവകാശത്തിനുമായി അവര്‍ നിരന്തരം പോരാടിക്കൊണ്ടിരുന്നു. തന്നെ എതിര്‍ക്കുന്നവരെ ഇന്ദിരാഗാന്ധി എങ്ങനെയാണു കൈകാര്യം ചെയ്‌തിരുന്നതെന്നതിന് ഏറെ പാഠങ്ങള്‍ ഉണ്ട്. അക്കാലത്താണ് മദറിന്റെ നിസ്വാര്‍ഥ ജീവിതത്തില്‍ ആകൃഷ്‌ടനായ പത്രപ്രവര്‍ത്തകന്‍ ഖുഷ്‌വന്ത് സിങ്, അവര്‍ക്ക് സൗജന്യ റയില്‍വേ പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയത്.
ഇന്ദിര എങ്ങനെയാണു തന്റെ ?ശത്രുവിനോടു പ്രതികരിച്ചതെന്നോ? റയില്‍വേ പാസിന്റെ സ്‌ഥാനത്ത് അനുവദിച്ചത് സൗജന്യ വിമാന പാസ്. പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ പത്‌നിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാപ്‌സി നരിമാന്‍ ഓര്‍മിക്കുന്നു- ?സൗജന്യ വിമാന പാസ് അനുവദിക്കാനുള്ള നിര്‍ദേശത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ജെ.ആര്‍.ഡി. ടാറ്റ അതില്‍ ഇടപെട്ടു. രാജ്യാന്തര യാത്രകള്‍ക്ക് എയര്‍ ഇന്ത്യയുടെ ഒന്നാം ക്ലാസ് പാസ് തന്നെ മദര്‍ തെരേസയ്‌ക്ക് അനുവദിപ്പിച്ചു.
എത്ര നീചകര്‍മികളെന്നു സമൂഹം വിളിക്കുന്നവരുമാകട്ടെ, താനുമായി ഇടപെടുമ്പോള്‍ അവരുടെയെല്ലാം ഹൃദയങ്ങളെ കരുണാര്‍ദ്രമാക്കാനും ആരും കണ്ടിട്ടില്ലാത്തത്ര ആഴമുള്ള സ്‌നേഹവായ്‌പ് അവരുടെ ഹൃദയത്തില്‍നിന്നു കടഞ്ഞു പുറത്തുകൊണ്ടുവരുവാനുമുള്ള നന്മയുടെ തേജസായിരുന്നു മദര്‍ തെരേസ. ശൗര്യക്കാരനായിരുന്ന സഞ്‌ജയ് ഗാന്ധിയും ശാഠ്യക്കാരിയായിരുന്ന ഇന്ദിരാഗാന്ധിയും ശിലാഹൃദയമുള്ള നക്‌സലൈറ്റുകളുമൊക്കെ മദറിന്റെ സേവനവയലില്‍ നന്മയുടെ വിത്തുകള്‍ വിതച്ചു. അവ നൂറു മേനിയും ആയിരം മേനിയും ഫലം തന്നു.
എച്ച്‌ഐവി, എയ്‌ഡ്‌സ് ബാധിതരെ ശുശ്രൂഷിക്കാനായി ഉപവിയുടെ സഹോദരിമാര്‍ (മിഷനറീസ് ഓഫ് ചാരിറ്റി) ഒരു കേന്ദ്രം തുറക്കണമെന്നു മദറിന്റെ ഒരു അനുയായിക്ക് ആഗ്രഹം തോന്നി. ഇക്കാര്യം അവര്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അംഗങ്ങളെ അറിയിച്ചു. പരിചരണ കേന്ദ്രം അസമില്‍ തുറക്കുന്നതാവും നല്ലതെന്ന് ആസൂത്രണ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ അസം മുഖ്യമന്ത്രി ഹിതേശ്വര്‍ സൈക്കിയ തന്നെ ധനസഹായത്തിനായി ആസൂത്രണ കമ്മിഷന് എഴുതുകയാണു വേണ്ടതെന്ന് കമ്മിഷന്‍ അംഗങ്ങള്‍ നിര്‍ദേശിച്ചു.
മദര്‍ തെരേസയുടെ അനുയായി ഇക്കാര്യം പറയാന്‍ സൈക്കിയയെ കണ്ടയുടന്‍ അസം സര്‍ക്കാര്‍ ഒരു കോടി രൂപയുടെ ചെക്ക് നല്‍കുകയാണു ചെയ്‌തത്. അന്നത്തെ കാലത്ത് ഒരു കോടി രൂപയെന്നാല്‍ വളരെ വലിയ തുകയാണ്. ഈ ചെക്കുമായാണ് അനുയായി മദറിന്റെ അടുത്തെത്തി അസമില്‍ ഇങ്ങനെയൊരു കേന്ദ്രം തുറക്കണമെന്ന ആഗ്രഹം അറിയിച്ചത്. മദറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ?അയ്യോ, എന്റെ മകളേ ഞാന്‍ ഒരിക്കലും സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കില്ല. അതു പിന്നീടു വലിയ കുരുക്കുണ്ടാക്കും... എങ്കിലും അനുയായിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനൊടുവില്‍ സൈക്കിയയുടെ സമ്മാനം സ്വീകരിക്കാന്‍ മദര്‍ തയാറായി. ഈ സന്ദര്‍ഭത്തില്‍ മാത്രമല്ല, ഒരിക്കലും സ്‌നേഹത്തിനു മുന്നില്‍ ആ ഹൃദയം അലിയാതിരുന്നിട്ടില്ല.
കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ സിദ്ധാര്‍ഥ ശങ്കര്‍ റേയും മുഖ്യ എതിരാളിയായിരുന്ന ജ്യോതിബസുവും മദറിനെ ഒരുപോലെ ഇഷ്‌ടപ്പെട്ടു. ഇരുവരും ഒരുപോലെ അകറ്റിനിര്‍ത്തിയിരുന്ന നക്‌സലൈറ്റുകളും മദറിനെ സ്‌നേഹിച്ചു. മദറിന്റെ ഹൃദയത്തില്‍ അവരുമുണ്ടായിരുന്നു. മറ്റൊരു തരത്തിലും പറയാം. മദര്‍ തെരേസ ബംഗാളില്‍ സജീവമായ കാലത്തു നക്‌സലൈറ്റുകളുടെ ഉപദ്രവം കുറവായിരുന്നു. മദര്‍ ഇല്ലാതായതോടെ ഇതാ, നക്‌സല്‍ ആക്രമണങ്ങള്‍ പതിവായിരിക്കുന്നു.
?യാചകനോടും രാജാവിനോടും ഒരേ അനുതാപത്തോടെയും ഒരേ ആര്‍ദ്രതയോടെയും സംസാരിക്കാനുള്ള വിസ്‌മയകരമായ സാഹോദര്യം മദറിനുണ്ടായിരുന്നു. ??എത്ര സംഘര്‍ഷം അനുഭവിക്കുമ്പോഴും മദറിനെ സന്ദര്‍ശിച്ച് അല്‍പം സംസാരിച്ചാല്‍ അദ്‌ഭുതകരമായ കുളിര്‍മ മനസ്സില്‍ ഉണ്ടാകുമായിരുന്നുവെന്ന് ഉഷാ ഉതുപ്പ് അനുസ്‌മരിക്കുന്നു.
മദറിനെ സന്ദര്‍ശിക്കുന്നത് പുണ്യമായിക്കണ്ട ലോക നേതാക്കള്‍ ഒട്ടേറെ. ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും ബില്‍ ക്ലിന്റനും അടക്കം എത്രയോ വന്‍വൃക്ഷങ്ങള്‍ കൊല്‍ക്കത്തയിലെ ഇടുങ്ങിയ തെരുവിലെ ആശ്രമത്തിന്റെ പടി ചവിട്ടിയിരിക്കുന്നു. മദറിന്റെ സ്‌നേഹവലയില്‍ ബന്ധിതരായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ, റൊണാള്‍ഡ് റെയ്‌ഗന്‍, ഇന്ദിരാഗാന്ധി, ജ്യോതിബസു തുടങ്ങിയ വിവിധ മേഖലകളില്‍നിന്നുള്ള യുഗനേതാക്കളില്‍ ഭൂരിഭാഗവും ഇപ്പോള്‍ മണ്‍മറഞ്ഞിരിക്കുന്നു.
മദര്‍ നേടിയെടുത്ത ലോകാദരത്തിന്റെ വലുപ്പമറിയാന്‍ അവരുടെ അന്ത്യയാത്രയില്‍ പങ്കെടുത്ത നേതാക്കളെ മാത്രം നോക്കിയാല്‍ മതി. പാശ്‌ചാത്യമെന്നോ പൗരസ്‌ത്യമെന്നോ ഇല്ലാതെ, ജാതിയും സമുദായവും നോക്കാതെ ലോക നേതാക്കളും അവരുടെ പ്രതിനിധികളും കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റീസ് ആസ്‌ഥാനത്തേക്ക് ഒഴുകിയെത്തി. ഡയാന രാജകുമാരി മരിച്ചുടനെയായിരുന്നില്ലെങ്കില്‍ മദറിന്റെ അന്ത്യയാത്രയില്‍ ലോകനേതാക്കളുടെ സാന്നിധ്യം ഇതിലേറെ ആയിരുന്നിരിക്കും എന്നു വിലയിരുത്തുന്നവരുമുണ്ട്.
മദര്‍ കടന്നുപോയിട്ടു കാലമെത്രയോ ആയിരിക്കുന്നു. എന്തായിരുന്നു മദറിന്റെ മാന്ത്രിക വ്യക്‌തിത്വത്തിന്റെ രഹസ്യം. രാജാക്കന്മാരും വിപ്ലവകാരികളും വിഘടനവാദികളും ലോകനേതാക്കളും കോണ്‍ഗ്രസുകാരും കമ്യൂണിസ്‌റ്റുകാരും തുടങ്ങി എല്ലാ നിറത്തിലും തരത്തിലും പെട്ടവര്‍ മദറിലേക്ക് ഒരുപോലെ ആകര്‍ഷിക്കപ്പെട്ടത് എന്തുകൊണ്ടാവും? കൃത്യമായ ഉത്തരമില്ല. പക്ഷേ, ഒന്നുണ്ട് അവര്‍ ആരെയും വിലയിരുത്തിയില്ല, ആര്‍ക്കും വിലയിട്ടുമില്ല; എല്ലാവരെയും സ്വീകരിക്കുക മാത്രം ചെയ്‌തു.
|
|
01,09,2010
| |
|
|
|