|
|
സിനിമ |
| അമൃതക്ക് ബാല താലി ചാര്ത്തി |
|
രണ്ടു വര്ഷം നീണ്ട കാത്തിരിപ്പിന് താലിച്ചരടിലൂടെ ബാലയും അമൃതയും അന്തം കുറിച്ചു. റിയാലിറ്റി ഷോയിലെ മത്സരാര്ഥിയായി എത്തിയ അമൃതയ്ക്ക് അങ്ങനെ സെലിബ്രിറ്റി വിധികര്ത്താവായെത്തിയ ബാല ഇനി സ്വന്തം. വെള്ളിയാഴ്ച ചെന്നൈയിലെ തിരുവാന്മിയൂര് ശിവക്ഷേത്രത്തില് തമിഴ് ആചാര പ്രകാരമായിരുന്നു വിവാഹം. ഉച്ചയ്ക്ക് 12 :30 ന് അമൃതയുടെ കഴുത്തില് ബാല താലി ചാര്ത്തി.
ലളിതമായ വിവാഹ ചടങ്ങില് കേരളത്തില് നിന്ന് അമൃതയുടെ കുടുംബവും അടുത്ത ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. കരണ് ഉള്പ്പെടെ ഏതാനും തമിഴ് താരങ്ങള് വിവാഹത്തില് സംബന്ധിച്ചു. ബാലയുടെയും അമൃതയുടെയും സുഹൃത്തുക്കള്ക്കും അഭ്യുദയ കാംക്ഷികള്ക്കുമായി സെപ്റ്റംബര് അഞ്ചിന് എറണാകുളം ഗോകുലം കണ്വന്ഷന് സെന്ററില് വച്ച് വിപുലമായ രീതിയില് വിരുന്നു സംഘടിപ്പിക്കും. സിനിമാ ലോകത്തെയും സംഗീത ലോകത്തെയും പ്രമുഖര് ഇതില് സംബന്ധിക്കും.
വിവാഹ സല്ക്കാരം കഴിഞ്ഞാല് സെപ്റ്റംബര് എട്ടിന് ഹണിമൂണിനായി നവദമ്പതികള് യുഎസിലേക്ക് പറക്കും. രണ്ടാഴ്ചക്കു ശേഷം അവിടെനിന്നും ലണ്ടനിലേക്ക് പോകും. അവിടെ ബാലയും അമൃതയും ചേര്ന്ന് ഒരു സ്റ്റേജ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്ഷം സെപ്റ്റംബറില് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ഏഷ്യാനെറ്റില് സംപ്രേക്ഷണം ചെയ്തുവന്ന സ്റ്റാര് സിങ്ങര്- 2007 ല് അമൃത പങ്കെടുത്തുവരവേയാണ് പ്രണയത്തിന് വഴിയൊരുങ്ങിയത്. ഇരുവരും തങ്ങളുടെ ഇഷ്ടം വീട്ടുകാരെ അറിയിക്കുകയും അവര് അതിനു പച്ചക്കൊടി വീശുകയും ചെയ്തതോടെയാണ് പ്രണയം ലോകം അറിഞ്ഞത്. തമിഴ്നാട്ടുകാരനായ ബാല ഇപ്പോള് മലയാള സിനിമയില് സജീവമാണ്. കളഭത്തിലൂടെയാണ് ബാല മലയാളത്തിലെത്തിയത്.ചുരുങ്ങിയ കാലം കൊണ്ട് ഒരു ഡസനിലേറെ ചിത്രങ്ങളാണ് പുറത്തുവന്നത്. അവന്, കയം, ചാവേര്പ്പട, ശിവപുരം, സഹസ്രം, വീണ്ടും കണ്ണൂര് എന്നിവയാണ് പുതിയ ചിത്രങ്ങള്.
|
|
01,09,2010
| |
|
|
|